പെരിങ്ങോടന്റെ മൂന്ന് കവിതകള്‍.
ഗുല്‍മോഹര്‍.
powered by ODEO
ലോറി.
powered by ODEO
കുടവും കുശവനും.
powered by ODEO
ഗുല്‍മോഹര്‍.
ചില സ്ത്രീകള്‍
ഗുല്‍മോഹറിനെ ഓര്‍മ്മിപ്പിക്കും
നിറയെ പൂക്കാറുണ്ട്,
വിപ്ലവത്തിന്റെ ചുവപ്പാണ്
അതിന്റെ തണല്‍
‘വളരുക’
എന്നോര്‍മ്മിപ്പിക്കുന്ന
ഒരു അടയിരുപ്പാണെപ്പോഴും,
(അതുകൊണ്ടാവണം
ഇലകള്‍ക്കും മുകളിലെ
ആകാശം
വെളിപ്പെടുത്തുന്നത്ര ലാളിത്യം)
പൂമൊട്ടിനു്
ചുവന്ന കഥകളിനഖങ്ങള്‍ക്കു്
ബാല്യകാലസഖിയുടെ ചിരിയാണു്,
മരം
ഒരു കൂടുകൂട്ടാനുള്ള ഇടമല്ല
ചേക്കാറാവുന്ന വഴിയമ്പലമാണു്
താഴ്ന്നു കിടക്കുന്ന ശിഖരങ്ങളില്‍,
അവയിലിരുന്നു പാടുന്ന
മൈനകള്‍ക്കും കാക്കകള്‍ക്കുമുള്ള
വലിയ സാധാരണത്വത്തില്‍
കാറ്റിലാടുന്ന ഒരു അസാധാരണമരം
ലോറി.
ഒട്ടും പ്രതീക്ഷിക്കാത്ത
വളവുകളില്‍
ഹോണടിക്കാതെ കയറിവരുന്നതും
നൈരാശ്യത്തിന്റെ,
മരണത്തിന്റെ മഞ്ഞക്കളറില്‍
മുഖം മിനുക്കിയതും
അടുക്കുന്തോറും
ഗരിമ വളരുന്നതും
ഒടിച്ചത്രയും
തിരിച്ചൊടിക്കേണ്ടതും
അരികുചെത്തി മിനുസ്സപ്പെടുത്തിയ
ചെങ്കല്ലും
ഈര്‍ന്നു വെടുപ്പാക്കിയ
മരത്തടിയും
ഒരു കുന്ന്‍
പഞ്ചാരമണലും
ചുമന്ന ഭാരങ്ങളില്‍
വെടിപ്പും മിനുസവും തിളക്കവും
തനിയെ ഓടുമ്പോള്‍
നില്‍ക്കാത്ത വിറയലും
1210 ന്റെ
ഡ്രൈവിങ് സീറ്റിലിരുന്ന്‍
പുറത്തേയ്ക്കു നോക്കിയിട്ടുണ്ടോ?
അകാലത്തില്‍
മുറിഞ്ഞു പോകുന്ന
ആക്സിലിന്റെ ഓര്‍മ്മയാണ്
ചവുട്ടിയാല്‍ കിട്ടാത്ത
ബ്രേക്കിനെ കുറിച്ചുള്ള ഭീതിയും
പുറകിലേയ്ക്ക് കണ്ണുകളുമില്ല
പഴയകാമുകിമാരെ ഓര്‍ക്കുന്നത്
അങ്ങനെയൊക്കെയാണെന്ന്
അവന്‍ പറയുമ്പോള്‍
ലോറിയെ സ്നേഹിച്ചു തുടങ്ങുന്നു.
കുടവും കുശവനും.
നിറകുടം തുളുമ്പില്ലെന്നതിലെത്ര നിജം?
നിറഞ്ഞൊരു കുടം,
പാല്‍ക്കുടമെന്നോ തയിര്‍ക്കുടമെന്നോ
തണ്ണീര്‍ക്കുടമെന്നോ കരുതിക്കൊള്‍ക,
തുളുമ്പാതിരിക്കുവാന്‍ പാടുപെടുന്ന
നിറകുടമെന്നു തന്നെ കരുതേണം.
ഉള്ളകം ശൂന്യമെങ്കിലതിനു്
അവ്യക്തമായി പ്രതിധ്വനിക്കാം
നിറവൊരു ശാപമാണു്,
തുളുമ്പാതെ കാക്കേണം ചൊല്ലില്‍ പതിരിടാതെ
അല്ലെങ്കില്‍ ഈ ഒക്കത്തുനിന്നു് എടുത്തുചാടുവാന്‍
ഒരു കാലെങ്കിലും ആ ‘കുശവന്‍’ വച്ചുതരണമായിരുന്നു!
സ്വയം ഉടയാനും തനിയെ വാര്‍ക്കാനും
പാങ്ങില്ലാത്തതുകൊണ്ടാണു
കറുത്തൊരുവന്‍ കുരിശിന്റെ വഴിയെ നടന്നതും
വിപ്ലവം പിറന്നെന്നും കേട്ടു തുളുമ്പാന്‍ തോന്നുന്നതു്,
കറുത്തവനെ അലക്കിയെടുത്തൊപ്പം കൂട്ടുന്ന
വെളുമ്പരുടെയൊക്കത്തു്,
നിറഞ്ഞും തുളുമ്പാതെ ഇരിക്കേണ്ടി വരുന്നതും
എത്ര ജാഗ്രത വേണമൊരു വാക്കെഴുതുവാന്‍
സവര്‍ണ്ണനു ഹിതമാകരുതു്, അവര്‍ണ്ണനു് അഹിതവും
‘ജ്ഞാനത്തിന്റെ കണങ്ങളെ’ തൊഴുത്തില്‍ കെട്ടണം
‘ഇരകളുടെ മാനിഫെസ്റ്റോ’ നിരാകരിക്കപ്പെടരുതു്
ദളിതസ്വത്വവും ന്യൂനപക്ഷവാദങ്ങളും തെളിയണം..
കുടമായിരിക്കുമ്പോഴും,
കുടത്തിനു കാലുപണിയാത്ത ‘കൊശവനാരെടാ?’
എന്ന ചോദ്യത്തില്‍ ജാതിയില്ലെന്നൂന്നിപ്പറയേണം.
Monday, March 03, 2008
Subscribe to:
Post Comments (Atom)

14 പ്രതികരണങ്ങള്‍.:
രാജ് നീട്ടിയത്തിന്റെ ഗുല്‍മോഹര്‍,ലോറി എന്നീ രണ്ട് കവിതകള്‍.ആലാപനം.
ആലാപനം രസായി. കവിതയ്ക്ക് ഒരു പുതിയ മാനം കൊടുത്തു. ഈ ആലാപനം വന്നതുകൊണ്ട് കവിത വായിക്കാനും തോന്നി. നല്ല ഉദ്യമം. നല്ല സ്വരവും.
ഓ.ടോ: ഇപ്പൊ രാജിന്റെ കീമാന്‍, രാജിന്റെ കവിത എന്നിവ ഒക്കെ ആണല്ലോ എല്ലാവരുടേയും ഇഷ്ടവിഷയം. എല്ലാവരെക്കൊണ്ടും ഇവനെക്കുറിച്ച് പോസ്റ്റ് ഇടിക്കാം എന്നാരോ നേര്‍ച്ച ഇട്ടതുപോലെ ;)
I like the second one more than first...
Congrats to Anamgaari mash for a different type of 'kavithaaparayanam'
നീ എവിടെപ്പോയി എന്ന് കരുതിയിരിക്കയായിരുന്നു.:)
കൊള്ളാം മാഷേ, നല്ല ആലാപനം.
പെരിങ്ങോടന്റെ കുടവും കുശവനും, ലോറീ, ഗുല്‍മോഹര്‍ എന്നീ മൂന്ന് കവിതകള്‍.ആലാപനം.ആദ്യം പോസ്റ്റിയതില്‍ നിന്ന് കൂടുതലായി കുടവും കുശവനും കൂടി ചേര്‍ത്തിരിക്കുന്നു.
കുടവും കുശവനും വായിക്കാന്‍ തന്നെ മനോഹരമായ ഒരു കവിത ആണ്. അതിന്റെ മനോഹാരിത ഒട്ടു കളയാതെ തന്നെ അനംഗാരി മാഷ് ചൊല്ലിയിരിക്കുന്നു.
കുടവും കുശവനും ഏറെ മനോഹരമായിരിക്കുന്നു
കവിതകള്‍ എന്റേതല്ലാതാവുന്നതിന്റെ സുഖം:-)
നന്നായിട്ടുണ്ട്..നല്ല രസം കേള്‍ക്കാന്‍
കൊള്ളാം! വളരെ നന്നായിട്ടുണ്ട്.
ഈ കവിതകളെ ചൊല്ലിനായ് എങ്ങനെ മെരുക്കിയെടുത്തു എന്നറിയാനും
കൗതുകമുണ്ടായി. അത്രമേല്‍ തൂവാതെ തുളുമ്പാതെ നിറഞ്ഞു പാടി.
രാജിന്റെ വരികളും അനംഗാരിയുടെ ആലാപനവും, നന്നായിരിക്കുന്നു.
ക്ഷ.....പിടീച്ചൂ ട്ടോ,ഈ ബ്ലൊഗ്ഗ്
Post a Comment